Wednesday, August 01, 2007

ഇരട്ടക്കുട്ടികളുടെ അഛന്‍

"അഛനും ഞാനും തമ്മില്‍ ഒരു ചെറിയ ഒരു ബന്ധമുണ്ടെന്നറിയാമോ"
വിഷ്ണു ചോദിച്ചപ്പോള്‍ ഞാന്‍ അമ്പരന്നുപോയി.


"അതെന്നാടാ നമ്മളു തമ്മിലുള്ള ബന്ധം ചെറുതാകുന്നത്?
അപ്പനും മകനുമെന്നാല്‍ വലിയ ബന്ധമല്ലേ"
"അതല്ലഛാ സംഖ്യാപരമായ ഒരു ബന്ധം"
"സംഖ്യാപരമായ ഒരു ബന്ധം പറയാന്‍ നീയാരാ, ശ്രീനിവാസ രാമാനുജനോ?
“ ശ്രീനിവാസ രാമാനുജനല്ല ശ്രീനിവാസ വിഷ്ണു പ്രകാശ്”
അവന്‍ ആവേശത്തിലാണ


"ഞാന്‍ ഉണ്ടായപ്പോള്‍ അഛനു പ്രായം 33,
അഛനുണ്ടായപ്പോള്‍ അപ്പൂപ്പനു പ്രായം33"

അതാണു നമ്മള്‍ തമ്മിലുള്ള സംഖ്യാ ബന്ധം!

ഞാന്‍ മനസ്സിലൊന്നു കൂട്ടി നോക്കി.
ഈ സംഖ്യാ ബന്ധം ഇവിടെ തീരുന്നില്ലല്ലോ

വല്യപ്പൂപ്പന്‍ വേലായുധന്‍ പിള്ളക്ക് 33 വയസ് ഉള്ളപ്പോള്‍
ഉണ്ടായ മകന്‍ കൃഷ്ണപിള്ള

കൃഷ്ണപിള്ളക്ക് 33 വയസ് ഉള്ളപ്പോള്‍
ഉണ്ടായ മകന്‍രാമ കൃഷ്ണപിള്ള .

രാമ കൃഷ്ണപിള്ളക്ക് 33 വയസ് ഉള്ളപ്പോള്‍ഉണ്ടായ മകന്‍ ഞാന്‍ .

എനിക്ക് 33 വയസ്സില്‍ ഉണ്ടായ മകന്‍ വിഷ്ണു.
ഇനി വിഷ്ണുവിനു 33 വയസ്സില്‍ മകന്‍ ഉണ്ടാകുമോ"

"33 ന്റെ പ്രത്യേകത അഛനറിയാമോ?"
" ഇനി അതിനും പ്രത്യേകതയോ?"

"അതില്‍ രണ്ടക്കവും ഒന്നു തന്നെ.
അതായത് ഞാനും അഛനും ഒന്നുതന്നെ.
ഇരട്ടക്കുട്ടികള്‍ ഒരേപോലുള്ള ഇരട്ടകള്‍ " വിഷ്ണു പൊട്ടിച്ചിരിച്ചു.

അവന്‍ ആ തമാശ ആസ്വദിക്കുകയാണു.പക്ഷേ എനിക്ക് ചിരി വന്നില്ല.
എന്തോ ഒന്നു മനസ്സില്‍ ഉടക്കിയതു പോലെ.

ഇരട്ടക്കുട്ടികള്‍ ഇരട്ടക്കുട്ടികള്‍ഇവന്‍ എന്തിനാണിത് ആവര്‍ത്തിച്ച് പറയുന്നത് ?"
എനിക്ക് അസ്വസ്ഥത തോന്നി.
ഞന്‍ പതുക്കെ പുറത്തേക്ക് നടന്നു മുറ്റത്തെ വേപ്പുമരത്തിന്റെ തറയില്‍ ഇരുന്നു.

“അഛന്‍ വിഷമിക്കാതെ ,വിഷ്ണു എന്റെ പുറകേ എത്തിയിരിക്കുന്നു .
അഛന്റെ മനസ്സില്‍ എന്താണെന്നെനിക്കറിയാം
less than even a shadow അല്ലേ ?

“ഇതെങ്ങിനെ ഇവന്‍ അറിഞ്ഞു? ഇത് തന്നെ ആയിരുന്നല്ലോ എന്റെ മനസ്സില്‍”

walter de lamare ന്റെwinter dusk എന്ന കവിതയിലെ
എനിക്കേറ്റവും ഇഷ്ടപ്പെട്ട പദപ്രയോഗം,

less than even a shadow
ഒരു നിഴലുപോലുമാകാത്തവന്‍,ഒരാത്മാവിലും ചെറുത്.

അഛന്‍ അന്ന് രണ്ടുപേരെ കണ്ടില്ലേ?
അതിലൊരാള്‍ പെട്ടന്നു മാഞ്ഞ് പോയില്ലേ ഇരട്ടക്കുട്ടികളിലൊരാള്‍”
അതല്ലേ ചിന്തിക്കുന്നത് ?

“എങ്ങിനെ നിനക്കതറിയാം”
എന്റെ ചോദ്യത്തില്‍ അമ്പരപ്പായിരുന്നു മുന്നില്‍.
മറ്റാരും അറിയാതെ എന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന
ആ പോറല്‍ എങ്ങിനെ എന്റെ മകന്‍ അറിഞ്ഞു?
“എനിക്ക് എല്ലാം അറിയാം അഛാ,
അഛനൊരിക്കല്‍ ഒരു മോഹം ഉണ്ടായി,ഇരട്ടക്കുട്ടികളുടെ അഛനാകണമെന്ന് അല്ലേ?അഛന്‍ ഒരു രാത്രിയില്‍ ഇവിടെ ഇരുന്ന്അവരെ സ്വപ്നം കണ്ടു,അവര്‍ക്ക് വിഷ്ണു എന്നും പ്രകാശെന്നും പേരുമിട്ടു.അവരുടെ കൂടെ മനസ്സില്‍ ഓടിക്കളിച്ചു,ശരിയല്ലേ?”

“അതേ ഇതൊക്കെ നിന്നോട് ആരു പറഞ്ഞു?”
“ ആരും പറയണ്ടാ,എനിക്ക് ഇതൊക്കെ അറിയാമെന്ന് പറഞ്ഞില്ലേ.
പക്ഷേ അഛനറിയാന്‍ പാടില്ലാത്ത ഒരു കാര്യം ഉണ്ട്.അത് കണ്ടോ?”

അങ്ങ് ദൂരെ മിന്നുന്ന ഒരു നക്ഷത്രത്തേ അവന്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി കാണിച്ചു.

“അവിടെ ഒരു പ്രത്യേക ലോകം ഉണ്ട്.
ആത്മാക്കളുടെ ലോകം.
ഭൂമിയിലേ മനുഷ്യര്‍ക്ക് അറിയാന്‍ പാടില്ലാത്ത ലോകം,
അകലെ നിന്നും ആ അത്മാക്കള്‍ ചിലപ്പോള്‍
ഭൂമിയിലേ മനുഷ്യന്റെ മനസ്സിലേക്ക് നോക്കാറുണ്ട്.
അങ്ങിനെ ഒരു ആത്മാവിനഛന്റെ ആഗ്രഹം കണ്ട് കൗതുകം തോന്നി.
അഛന്റെ ഇരട്ടക്കുട്ടികളില്‍ ഒന്നായി ജനിക്കാന്‍ തീരുമാനിച്ചു.
ആ അത്മാവിനറിഞ്ഞു കൂടായിരുന്നു,
ഒരാത്മാവിനു മനുഷ്യനായി ജീവിക്കുക അസാദ്ധ്യമായ കാര്യം ആണന്ന്.
കാരണം ആത്മാക്കളും മനുഷ്യരും രണ്ട് തരംഗ ദൈര്‍ഘ്യം ഉള്ളവരാണ്”

എനിക്ക് ചിരി വന്നു.
ഇവന്‍ ഇന്ന് ഏതോ നോവല്‍ വായിച്ചിരിക്കുന്നു.
ചുമ്മാതല്ല ഇങ്ങിനെയെല്ലാം എടുത്ത് വീശുന്നത്

“ അന്ന് ആശുപത്രിയില്‍ വച്ച് അഛന്‍ മാത്രം രണ്ട് കുട്ടികളേ കണ്ടു.
അത് പറഞ്ഞതിനെല്ലാവരും അഛനെ കളിയാക്കി,അല്ലേ?”

ഇത്തവണ ഞാന്‍ ശരിക്കും ഞെട്ടി.

ഇത് നോവലല്ല.
എനിക്കു മാത്രം അറിയാവുന്ന രഹസ്യങ്ങള്‍ ഇവനെങ്ങെനെ അറിയുന്നു...............?

“ വിഷ്ണൂ നീ പോയി പഠിക്ക്.വെറുതേ മനുഷ്യനേ മിനക്കെടുത്താതെ”
ഞാന്‍ അസ്വസ്ഥതയോടെ എഴുന്നേറ്റു .

“ അങ്ങോട്ട് നോക്ക്, വിഷ്ണു പഠിക്കുന്നുണ്ടല്ലോ?”

എന്റെ രക്തം തണുത്തതുപോലെ എനിക്കു തോന്നി.
ഒരു വിഷ്ണു അകത്ത് ഇരുന്ന് പഠിക്കുന്നു.ഒരു വിഷ്ണു എന്റെ അടുത്ത് നില്‍ക്കുന്നു.
ഞാന്‍ ഒരു ചുവട് പുറകോട്ടുവച്ചു .

എന്റെ അടുത്ത് നില്‍ക്കുന്ന കുട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ അഛന്‍ ഇങ്ങനെ പേടിക്കാതെ, അവനാ വിഷ്ണു,ഞാന്‍ പ്രകാശന്‍, അഛന്റെ മറ്റേ മകന്‍”

എന്തോ ഒരു ഉള്‍പ്രേരണയാല്‍ ഞാന്‍ അവന്റെ കയ്യില്‍ പിടിക്കാന്‍ നോക്കി
പക്ഷേ എന്റെ കൈ അവന്റെ ശരീരത്തിലൂടെ കടന്നു പോകുന്നു.ഒന്നിലും തടയുന്നില്ല.
“അഛാ ഞാന്‍ നിങ്ങളേപ്പോലെ മനുഷ്യനല്ലല്ലോ?
less than even a shadow അല്ലേ ? പിന്നെ പിടിക്കാന്‍ പറ്റുമോ?”

അവന്‍ ചിരിക്കുകയാണു. എനിക്ക് ശബ്ദം പുറത്തുവരുന്നില്ല .
അവന്‍ എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് വീണ്ടും പറഞ്ഞു .

“ഞാന്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു,അഛന്റെ മനസ്സിനുള്ളിലെ അഛനു പോലും അറിയാത്ത ഒരു ഒരു കൊച്ചറയില്‍.അതാണഛനോട് വിഷ്ണുവിനിത്രയും ഇഷ്ടം.അവന്‍ കൂട്ടുകൂടുന്നത് ശരിക്കും അഛനോടല്ല എന്നോടാണു .പക്ഷേ അത് അവനറിയില്ല.
അഛനല്ലാതെ മറ്റാര്‍ക്കും എന്നേ കാണാനും പറ്റില്ല.ഇനി ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞ് വരാം .അഛന്റെ കൂടെ ഇതുപോലെ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍.
ഇന്ന് ഞാന്‍ അങ്ങോട്ട് പോകും.”

അങ്ങകലെ ആകാശത്തിലേ ആ നക്ഷത്രത്തിലേക്ക് അവന്‍ വിരല്‍ ചൂണ്ടി.
എനിക്ക് ഒന്നും പറയാന്‍ പറ്റിയില്ല.
അതിനു മുന്‍പേമുന്നോട്ട് നടന്ന് അവന്‍ ഇരുട്ടിലേക്ക് മറഞ്ഞു .

ഒരു പക്ഷേ ഇതെല്ലാം എന്റെ മനസ്സിന്റെ വിഭ്രാന്തിയാകാം,
അല്ലങ്കില്‍ മറ്റാര്‍ക്കും കിട്ടിയിട്ടില്ലാത്തഒരു ഭാഗ്യം എന്നേതേടി വന്നതുമാകാം .
ഏതാണു ശരി എന്ന് എനിക്കുതന്നെ അറിയില്ല.

ചില ചോദ്യങ്ങള് ‍ക്കുത്തരം പടച്ചവന്റെ ,കൈയില്‍ മാത്രമല്ലേ ഉണ്ടാകൂ ?
മനുഷ്യരു മയ്യത്താകുന്നതു വരെ അത് അങ്ങേരു വെളിപ്പെടുത്താറുമില്ലല്ലോ..................

1 comment:

jomily jose said...

njan ezhutiyathine patty yanenkil karyamanu pakshe priyante karyam enikkariyilla enikkariyunna pole avane arkkum ariyilla ullil entho kidannuu urukunnudu avante ullil etra matram ariyam avanodu chodikanda vishamamakum