Sunday, November 25, 2007

സ്വപ്ന സാഫല്യം

മഴപെയ്തു തോര്‍ന്ന സന്ധ്യകള്‍
എനിക്ക് ഏറ്റവും പ്രീയപ്പെട്ടവയാണ്.
പട്ടാളം കുന്നിലെ പാറപ്പുറത്ത് ആ ദിവസങ്ങളില്‍
വളരെ ഇരുട്ടുന്നതുവരെ ഞാന്‍ ഇരിക്കാറുണ്ട് .
അന്നും പതിവുപോലെ ഞാന്‍ കണ്ണടച്ച് ഏതോ മൂളിപ്പാട്ടും പാടി
ആ സുഖത്തില്‍ ലയിച്ച് ഇരുന്നു.
ആരോ അടുത്തു വന്നതുപോലെ.
ഞാന്‍ ഞെട്ടിത്തിരിഞ്ഞുനോക്കി, ആരേയും കാണാനില്ല. എനിക്കറിയാം ഇതവനാണ്, പ്രകാശന്‍! നക്ഷത്രലോകത്തുനിന്നുള്ള എന്റെ മകന്‍ പ്രകാശന്‍!
ഒരു ചിരി
“ഹലോ ഞാന്‍ ഇവിടെ ഉണ്ട് .”
അവന്‍ എന്റെ ഇടത്തുവശത്ത് നില്‍ക്കുന്നു.
“ഹലോ പ്രകാശ് , ഞാന്‍ അവന്റെ അടുത്തേക്ക് ചെന്നു.
അവന്‍ അല്‍പം പുറകോട്ടുമാറി.
“ അഛാ ഞാന്‍ പ്രകാശാണന്നാരുപറഞ്ഞു?”
എനിക്ക് ചിരി വന്നു. ഇവന്റെ വികൃതി അല്‍പ്പം കൂടുന്നുണ്ട് .
അവനും ചിരി വരുന്നുണ്ട്.
“അഛാ ഞാന്‍ ഒരു ക്ലൂ തരാം അതുകേട്ടിട്ട് പറ.”
“ശരി ആകട്ടേ!” ഞാന്‍ പാറപ്പുറത്ത് ഇരുന്നു
അവന്‍ പതുക്കെ പാടാന്‍ തുടങ്ങി.
“ the lilly white doe ,
loard ronald has brought,
lept from where she lay and
followed her all the way!”
ഈ വരികള്‍,ഞാന്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ !!
അതേ lady clare! അതിലേ വരികള്‍ !!
അവന്‍ എന്നേനോക്കി ചിരിക്കുന്നു.
ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി. സാധാരണ പ്രകാശന്‍ പാടാറുള്ളത് winter duskലെ വരികളല്ലേ? ഇന്നെന്താ ഒരു മാറ്റം?
“അഛാ ഇത് ഞാനാ വിഷ്ണു,
വീട്ടില്‍ നിന്നും അഛന്റെ പുറകേ വന്ന ആട്ടിന്‍കുട്ടി!!”
അവന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ഞാന്‍ പകച്ചുനില്‍ക്കുന്നതുകണ്ട് അവനു തമാശ.
“സംശയം ഉണ്ടെങ്കില്‍ തൊട്ടുനോക്ക് .” അവന്‍ കൈ നീട്ടി
ഞാന്‍ ആ കൈയില്‍ തൊട്ടുനോക്കി.
എന്റെ കൈ അവന്റെ ശരീരത്തിലൂടെ കടന്നുപോകുന്നില്ല. അപ്പോള്‍ ഇതു പ്രകാശനല്ല! എന്റെ മകന്‍ വിഷ്ണുവാണ്.
എനിക്ക് ഒരു ചമ്മല്‍ തോന്നി.
മക്കളേ തിരിച്ചറിയാന്‍ പറ്റാത്ത ഒരുപാവം അഛന്റെ ചമ്മല്‍.
“നീ എന്നാ ഇന്ന് പതിവില്ലാതെ എന്റെ പുറകേ കൂടിയത് ?”
ഞാന്‍ ചമ്മല്‍ മറക്കാന്‍ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
“അതെന്നാ ഈ ഉല്ലാസനടപ്പു നടത്താനും
പതിനെട്ട് വയസ്സുകഴിയണോ ?”
അവന്‍ ചിരിച്ചുകൊണ്ടാണു ചോദിച്ചതെങ്കിലും ബൈക്ക് ഓടിക്കാന്‍ കൊടുക്കാത്തതിന്റെ പരിഭവമാണതെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ മറുപടി ഒന്നും പറയാതെ പാറപ്പുറത്ത് ഇരുന്നു. വിഷ്ണുവും എന്റെ അടുത്ത് ഇരുന്നു.
“എനിക്ക് അവനെ ഒന്നു കാണണം, ഈ പാറപ്പുറത്ത് വച്ച് നിങ്ങളുതമ്മില്‍ കാണാറുണ്ടെന്നല്ലേ അഛന്‍ മായാമയൂരത്തില്‍ എഴുതിയിരിക്കുന്നത് . അതാ ഞാന്‍ പുറകേ വച്ചുപിടിച്ചത് .”
വിഷ്ണു അവന്റെ ഉദ്ദേശം വ്യക്തമാക്കി.
എനിക്ക് സങ്കടം തോന്നി.പാവം കുട്ടി!
പ്രകാശനെ മറ്റാര്‍ക്കും കാണാന്‍ പറ്റില്ല എന്നത് ഇവന്‍ ചിന്തിച്ചില്ലല്ലോ, ഇവനെ ഞാന്‍ എങ്ങിനെ സമാധാനിപ്പിക്കും! “അവന്‍ ഇന്ന് വരുമോ?” വിഷ്ണു ചോദിച്ചപ്പോള്‍ ഞാന്‍ കൂടുതല്‍ വിഷമത്തിലായി.
പ്രകാശനെ ഞാന്‍ കാണുന്നത് വല്ലപ്പോഴും മാത്രമല്ലേ, എപ്പോള്‍ വേണമെങ്കിലും വിളിക്കാന്‍ അവനു മൊബൈല്‍ നമ്പര്‍ ഒന്നും ഇല്ലല്ലോ.

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു ഞാനിരുന്നു....................
വിഷ്ണു ഉച്ചത്തില്‍ പാടാന്‍ തുടങ്ങി.
“ഒന്നു നിര്‍ത്തടാ,” എനിക്ക് അസഹ്യത തോന്നി.
“അഛാ ഇതൊരു മന്ത്രമാ!
അഛന്റെ കുഞ്ഞൂഞ്ഞമ്മകഥകളില്‍ പറയുന്നതുപോലെ ഭക്തിയോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ മന്ത്രമായി മാറുന്ന സിനിമാപ്പാട്ട്!” വിഷ്ണു എന്നെ കളിയാക്കുകയാണൊ കാര്യമായി പറയുകയാണോ എന്നറിയാതെ ഞാന്‍ കുഴങ്ങി.
“അഛന്‍ വിഷമിക്കാതെ അവന്‍ കളിയാക്കുന്നതൊന്നുമല്ല.” പ്രകാശന്‍ എന്റെ വലത്തുഭാഗത്ത് ഇരിക്കുന്നത് ഞാന്‍ അപ്പോഴാണുകണ്ടത് .
ഇവന്‍ എപ്പോള്‍ വന്നു? ഞാന്‍ അത്ഭുതപ്പെട്ടുപോയി .
“അഛന്‍ ആഗ്രഹിക്കുമ്പോഴെല്ലാം ഞാന്‍ വരുമെന്ന് പറഞ്ഞത് മറനുപോയോ?”പ്രകാശന്‍ എന്നേനോക്കി ചിരിച്ചു.
ഞാന്‍ രണ്ടുപേരേയും മാറി മാറിനോക്കി ഒരു വ്യത്യാസവുമില്ല. എനിക്ക് തമ്മില്‍ തിരിച്ചറിയാന്‍ പറ്റുന്നില്ല.
“എനിക്ക് ഒരു സംശയം, ഈ പ്രകാശന്‍ ശരിക്കും ഉണ്ടോ?
എനിക്ക് അവനേ എന്നെങ്കിലും കാണാന്‍ പറ്റുമോ?”
വിഷ്ണു ചോദിച്ചതു പെട്ടന്നാണ്.
പ്രകാശന്‍ അതുകേട്ട് ചിരിച്ചു.
ഞാനവനേ അപേക്ഷാ ഭാവത്തില്‍ ദയനീയമായി ഒന്നു നോക്കി. “അഛാ എന്റെ വിഷ്ണു ഒരു പാവമാ അല്ലേ?
അവന്റെ മനസ്സ് എനിക്ക് വായിക്കാം. അവന്‍ എന്നേക്കാണാന്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട് .അവന്റെ ആഗ്രഹം സാധിപ്പിച്ചേക്കാം. അവനോട് അഛനേ തൊട്ടുകൊണ്ട് ഇങ്ങോട്ട് നോക്കാന്‍ പറ.”
“അഛന്‍ എന്തെങ്കിലും ഒന്നു പറഞ്ഞേ,”
വിഷ്ണു എന്റെ തോളില്‍ കൈവച്ചു.
പെട്ടന്ന് ഷോക്കടിച്ചപോലെ പുറകോട്ടുമാറി.
“എന്താടാ?” ഞാനും ഞെട്ടിപ്പോയി.
വിഷ്ണു ആകെ പകച്ചുനില്‍ക്കുന്നു .
“എന്നാ മോനേ?” ഞാന്‍ വീണ്ടും ചോദിച്ചു.
“അഛാ ഞാന്‍ കണ്ടു! ഞാന്‍ ശരിക്കും കണ്ടു!!”
അവന്റെ ശബ്ദം വിറക്കുന്നു.
എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു.
മനസ്സിനു പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം.
എന്റെ ഇരട്ടക്കുട്ടികള്‍ തമ്മില്‍ കണ്ടിരിക്കുന്നു.
അവക്ക് തമ്മില്‍ ഇനി ഇപ്പോള്‍ എന്തെല്ലാം പറയാനുണ്ടാകും? അവര്‍ സമയം എടുത്ത് പറഞ്ഞോട്ടെ!
ഞാന്‍ വിഷ്ണുവിന്റെ കൈകളില്‍ മുറുക്കെപ്പിടിച്ചു.
ആ കൈകള്‍ വല്ലാതെ വിയര്‍ത്തിരിക്കുന്നതായി എനിക്ക് തോന്നി!