Sunday, October 18, 2009

പ്രകാശന്റെ വീട്


അന്നത്തേ ഉല്ലാസനടപ്പ്തുടങ്ങാന്‍ താമസിച്ചു

അതുകൊണ്ടു പട്ടാളം കുന്നിലേക്കു പോണോ എന്ന് ഞാന്‍ ഒന്നു സംശയിച്ചു

എന്നാലും പട്ടാളം കുന്നിലെ കരിമ്പാറയില്‍ കയറി ഇരിക്കാന്‍

വല്ലാത്തഒരു ടെംപ്റ്റേഷന്‍ തോന്നിയതുകൊണ്ട് അങ്ങോട്ടുതന്നേ നടന്നു

വഴിയില്‍ ഇരുട്ട് വീണുതുടങ്ങുന്നു

പാറയില്‍ മഴ ദിവസങ്ങളായതുകൊണ്ട് പായല്‍ പിടിച്ചുതുടങ്ങിയിരിക്കുന്നു

ഞാന്‍ സൂക്ഷിച്ച് പാറപ്പുറത്തുകയറി

സ്ഥിരമായി ഇരിക്കുന്ന സ്ഥലത്ത് ഇരുന്നു

അങ്ങകലെ ചുവന്ന വെളിച്ചം

സൂര്യന്‍ കടലില്‍ മുങ്ങിമറയുകയാകും

പണ്ട് രണ്ടാം ക്ലാസില്‍ സാര്‍ ചോദിച്ചപ്പോള്‍ ചേട്ടന്‍ പറഞ്ഞതുപോലെ

സൂര്യന്‍ അമേരിക്കക്ക് പോവുന്ന വഴിയാകും

ചുവപ്പുനിറം മേഘശകലങ്ങള്‍ക്കു നല്‍കുന്ന വര്‍ണ്ണ ശോഭ കണ്ടപ്പോള്‍

അതില്‍ നിന്നും കണ്ണുമാറ്റാന്‍ സാധിച്ചില്ല

പതുക്കെപ്പതുക്കെ ആ ചുവപ്പുനിറം മായുന്നതും ഇരുളു പരക്കുന്നതും ഞാന്‍ ശ്രദ്ധിച്ചില്ല

ഒരു ചെറു കാറ്റുകൂടി അടിച്ചപ്പോള്‍ നല്ല സുഖം

ഞാന്‍ ആ പാറപ്പുറത്ത് മലര്‍ന്നു കിടന്നു।

ആകാശത്ത് നക്ഷത്രങ്ങള്‍ തെളിയുന്നു

ഇതില്‍ ഏതില്‍ നിന്നായിരിക്കും എന്റെ മകന്‍ പ്രകാശന്‍ വന്നത്?

എനിക്ക് എന്നെങ്കിലും ആ നക്ഷത്രത്തില്‍ എത്താന്‍ പറ്റുമോ?

ചക്രവാളത്തിനുമപ്പുറത്തുള്ള ജീവിതത്തേപ്പറ്റി മനുഷ്യനെന്തറിയാം?

ചിന്തിക്കും തോറും ഒരു എത്തും പിടിയും കിട്ടുന്നില്ല

ഞാന്‍ അതുതന്നേ ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ്,

ആ ശബ്ദം എന്റെ ചെവിയില്‍ പതുക്കെ മുഴങ്ങിയത്

“what ails john winter...?

പ്രകാശന്റെ ശബ്ദം

എന്റെ മനസ്സിലെ ചിന്തകള്‍ അവന്‍ എത്രപെട്ടെന്നാണു മനസിലാക്കുന്നത്

അത്ഭുതമായിരിക്കുന്നു

“ഇന്ന് അഛന്‍ ഒരുപാടുമുകളിലാണല്ലോ കയറിപ്പിടിച്ചിരിക്കുന്നത് .”

പ്രകാശന്റെ മുഖത്ത് പുഞ്ചിരി

ഞാന്‍ ആകാശത്തേക്ക് വിരല്‍ചൂണ്ടി

“മോനേ ഞാന്‍ ആലോചിക്കുകയായിരുന്നു

ആ കാണുന്ന ആകാശഗംഗയിലെ ഒരു ചെറുകണികയായ ഭൂമിയില്‍

ജീവിക്കുന്ന ഞങ്ങള്‍ക്ക് പ്രപഞ്ചത്തേപ്പറ്റി ഒന്നുമറിയില്ലല്ലോ എന്ന് .”

“ അതുമാത്രമല്ലല്ലോ, എന്റെ വീട്ടില്‍ വരാന്‍ പറ്റാത്തതില്‍ വിഷമവും തോന്നിയല്ലേ ?” പ്രകാശനില്‍ നിന്നും ഒന്നും മറയ്ക്കാനാവില്ല എന്ന് എനിക്ക് മനസിലായി

“ അഛാമനുഷ്യന്‍ ആണ് പ്രപഞ്ചത്തിലെ നായകന്‍ എന്നും

അവരാണു ജീവന്റെ ഏറ്റവും വികസിതരൂപമെന്നും ആണ്

നിങ്ങളുടെ ശാസ്ത്രജ്ഞന്മാരുടെ ഭാവം

അതാണീ ലോകത്തുവന്നപ്പോള്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും വലിയ തമാശ .”

പ്രകാശന്റെ മുഖത്ത് പരിഹാസ ചിരി

ഞാന്‍ എതിര്‍ത്തില്ല

മനുഷ്യശാസ്ത്രത്തിന്റെ പരിമിതിയില്‍ എനിക്കും സംശയമുണ്ടായിരുന്നില്ല

“പ്രകാശാ നിന്റെ നക്ഷത്രം ഭൂമിയില്‍ നിന്നും എത്രയകലെയാ

ഞാന്‍ അതുതന്നെയാ ചിന്തിച്ചുകൊണ്ടിരുന്നേ .”

“അഛാ എല്ലാം ആപേക്ഷികമാണെന്ന് സ്കൂളില്‍ പഠിച്ചിട്ടില്ലേ ?

ഈ പ്രപഞ്ചത്തേ ആകെ നോക്കിയാല്‍ ഞാന്‍ ഭൂമിയുടെ തൊട്ടടുത്താ

നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാന്‍ വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്ത് .”

ആലോചിച്ചപ്പോള്‍ എനിക്കും അത് ശരിയാണെന്നു മനസ്സിലായി

അതല്ലേ പ്രകാശന്‍ ഇടക്കിടെ വീട്ടില്‍ പോയി വരുന്നത്

“അഛാ നിങ്ങള്‍ ഉറുമ്പിനു കൊടുക്കുന്ന പ്രധാന്യം പോലും മനുഷ്യനു പ്രപഞ്ചത്തിലില്ല

നൂറോ നൂറ്റി ഇരുപതോ ഭൂവര്‍ഷമല്ലേ നിസ്സാരരായ മനുഷ്യനുള്ളൂ

യഥാര്‍ത്ഥത്തില്‍ അത് ഭഗവല്‍ഗീതയില്‍ പറയുന്ന മായ മാത്രം

നിങ്ങളുടെ ഭാഷയില്‍ വിശദീകരിച്ചാല്‍

ഉറക്കത്തില്‍ കാണുന്ന ഒരു സ്വപ്നം, യഥാര്‍ത്ഥത്തില്‍ ഇല്ലാത്തത്,

അതുവച്ചുകൊണ്ട് പ്രപഞ്ചത്തേ പഠിക്കാന്‍ നോക്കരുത് .”

“അപ്പോള്‍ ഇതൊരിക്കലും മനുഷ്യനു മനസിലാകാത്തതെന്തേ ?”

എനിക്ക് ചോദിക്കാതിരിക്കാന്‍ സാധിച്ചില്ല

പ്രകാശന്‍ ചിരിച്ചൂ

“അഛാ അത് ഒരിക്കല്‍ നിങ്ങള്‍ക്കു മനസിലാകും,

ഈ ഉറക്കത്തില്‍ നിന്നും ഉണരുമ്പോള്‍,

ആ ഉണരലിനു നിങ്ങളുടെ ലോകത്ത് മരണമെന്നാണു പറയുക.”

അവന്‍ പറയുന്നതെന്താണെന്ന് എനിക്ക് മനസിലായി

അത് ശരിയാണോ എന്നറിയാല്‍ മാര്‍ഗമില്ലാത്തതിനാല്‍ മറുപടി ഒന്നും പറഞ്ഞില്ല

പ്രകാശന്‍ കുറച്ചുസമയം പുഞ്ചിരിയോടെ എന്നേത്തന്നെ നോക്കിക്കൊണ്ടിരുന്നു വലിയകാര്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുന്ന അഛനോടു മകനുള്ള സ്നേഹവാല്‍സല്യങ്ങള്‍

അ മുഖത്തുണ്ടെന്നെനിക്കു തോന്നി

“അഛനു എന്റെ ലോകമല്ലേകാണേണ്ടത് അതാ അങ്ങോട്ടുനോക്കൂ ।”

പ്രകാശന്‍ ദൂരേക്ക് വിരല്‍ചൂണ്ടി

“നിങ്ങളുടെ ഇപ്പോഴത്തേ ധ്രുവനക്ഷത്രത്തിലാണെന്റെ ലോകം.”

“അതെന്നാടാ ഇന്നലത്തേ ധ്രുവനക്ഷത്രം തന്നെയല്ലേ ഇന്നത്തേയും ധ്രുവനക്ഷത്രം?”

എനിക്ക് ചോദിക്കാതിരിക്കാന്‍ പറ്റിയില്ല

പ്രകാശന്‍ പൊട്ടിച്ചിരിച്ചു

“എന്റെ അഛാ, എന്നേ ഇങ്ങിനെ ചിരിപ്പിക്കാതെ,

ഭൂമിയിലെ അളവുവെച്ച് പ്രപഞ്ചത്തേ അളക്കരുതെന്ന് ഞാന്‍ പറഞ്ഞതല്ലേ ഉള്ളൂ.”

“എടാ അങ്ങിനെ പറയാതെ,

സപ്തര്‍ഷികള്‍ക്കു നടുവില്‍ കൂടുതല്‍ പ്രകാശത്തോടെ ധ്രുവനക്ഷത്രം

എല്ലാക്കാലവും ഉണ്ടായിരുന്നു

മറ്റുനക്ഷത്രങ്ങളെല്ലാം ചലിക്കും

എന്നാല്‍ ധ്രുവനക്ഷത്രം എന്നും ഒരേ സ്ഥാനത്ത് അനക്കമില്ലാതെ നില്‍ക്കും

പിന്നെ എങ്ങിനെയാടാ പഴയധ്രുവനും പുതിയ ധ്രുവനും ഉണ്ടാകുന്നത് ?”

ഞാന്‍ അക്കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയാറായിരുന്നില്ല

പ്രകാശന്റെ മുഖത്ത് പുഞ്ചിരി

ഒരു കൊച്ചുകുട്ടിയേ നോക്കുമ്പോലെ അവന്‍ എന്നേ നോക്കി

“അഛാ അതിന്റെ ഉത്തരം നിങ്ങളുടെ ഫിസിക്സ് പുസ്തകത്തില്‍ തന്നെയുണ്ടല്ലോ

കാണാതെ പഠിച്ചാല്‍ പോരാ മനസിലാക്കിപഠിക്കണം കേട്ടോ

എല്ലാം ആപേക്ഷികമാണെന്ന് പഠിച്ചിട്ടില്ലേ

സൂര്യനും ഗ്രഹങ്ങളും മറ്റു നക്ഷത്രങ്ങളുമെല്ലാം

കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നതായി നിങ്ങള്‍ക്കുതോന്നുന്നത്

ഭുമിയുടെ തിരിച്ചുള്ള ചലനം കൊണ്ടാണ്, അതറിയാന്‍ മേലേ?”

“അതൊക്കെ എനിക്കറിയാമെടാ,

അപ്പോള്‍ പിന്നെ ഈ ധ്രുവനക്ഷത്രം മാത്രം കറങ്ങാത്തതെന്താടാ?” എനിക്ക് സംശയമായി

“കൊള്ളാം, പരീക്ഷയൊക്കെ പാസായിട്ടും കുട്ടി ഒന്നും പഠിച്ചിട്ടില്ലാ അല്ലേ?”

പ്രകാശന്‍ എന്നേ കളിയാക്കി ചിരിച്ചു

“അഛാ നിങ്ങളുടെ ഭൂമിയുടെ സാങ്കല്‍പ്പിക അച്ചുതണ്ട്

നേരേ വടക്കോട്ട് നീട്ടിയാല്‍ ധ്രുവനക്ഷത്രത്തില്‍ ചെന്ന് മുട്ടും

അതുകൊണ്ടാണു ഭൂമിയില്‍ നിന്നും നോക്കുമ്പോള്‍ ധ്രുവനക്ഷത്രം

ആപേക്ഷികമായി ചലിക്കുന്നില്ലാ എന്ന് തോന്നുന്നത് കേട്ടോ

പിന്നെ ഒരു കാര്യം കൂടിയുണ്ട്

നിങ്ങളുടെ ഈ ഭൂമിയുടെ ഈ സാങ്കല്‍പ്പിക അച്ചുതണ്ട് എക്കാലവും ഒരേപോലെയല്ല ചെറിയമാറ്റം വന്നുകൊണ്ടിരിക്കും

ഒരു കണക്കായി പറഞ്ഞാല്‍ 72 വര്‍ഷം കൊണ്ട് ഒരു ഡിഗ്രി എന്ന അളവില്‍ ”

“അങ്ങിനെയാണെങ്കില്‍ നീ പറഞ്ഞത് മനസ്സിലായി,

ഭൂമി ചെരിയും തോറും പഴയ ധ്രുവന്‍ മാറി പുതിയ ധ്രുവന്‍ വരും അല്ലേ

അപ്പോപ്പിന്നെ ധ്രുവനക്ഷത്രം ഇല്ലാത്തകാലവും ഉണ്ടാകാം അല്ലേ ?”

“തീര്‍ച്ചയായും, എങ്കിലും മനുഷ്യന്‍ അല്‍പായുസ്സായതിനാല്‍

ഇതൊന്നും അനുഭവത്തില്‍ വരുന്നില്ലാ എന്നുമാത്രം ।”

ദൂരെ മഴയിരയ്ക്കുന്ന ശബ്ദം കേട്ടപ്പോളാണു ഞാന്‍ കുടയെടുത്തില്ലല്ലോ എന്നോര്‍ത്തത്

ഭഗവാനേ ഞാന്‍ ഇനി എന്തുചെയ്യും ?

എന്റെ പരിഭ്രമം കണ്ടപ്പോള്‍ പ്രകാശനു ചിരിയാണു വന്നത്

“അഛന്‍ പേടിക്കാതെ, ഞാനല്ലേ ഉള്ളത്, പതുക്കെ വീട്ടിലേക്ക് നടന്നോളൂ,

ഒരു വിദ്യ ഞാന്‍ ചെയ്തേക്കാം, എങ്കില്‍ ശരി പിന്നെക്കാണാം।”

പിന്നെ പ്രകാശനെ ഞാന്‍ കണ്ടില്ല, അങ്ങകലെയുള്ള നക്ഷത്രത്തിലേക്കവന്‍ പോയി

മഴ ആര്‍ത്തിരമ്പിവന്നു

തുള്ളിക്കൊരുകുടമായി വീണ മഴത്തുള്ളികള്‍

എനിക്ക് ചുറ്റും ഒരു വലിയ വൃത്തത്തില്‍ മാത്രം വീഴുന്നില്ല

ഞാന്‍ പതുക്കെ വീട്ടിലേക്കുള്ള വഴിയേ നടന്നു

എന്നേ അത്ഭ്തപ്പെടുത്തിക്കൊണ്ട് ആവൃത്തം എന്നേ പിന്തുടര്‍ന്നു।

ഞാന്‍ പകച്ചുപോയി പ്രകാശന്‍ പറഞ്ഞവിദ്യ യാണതെന്ന് എനിക്ക് മനസിലായി

മനുഷ്യനു അസാധ്യമായ എന്തെല്ലാം കാര്യങ്ങള്‍ ആത്മാക്കള്‍ക്ക് സാധിക്കും?

ഇരുട്ടില്‍ ഞാന്‍ ഗേറ്റു തുറക്കുന്നതുകണ്ടപ്പോള്‍

ശ്രീജ ഓടിപ്പോയി ഒരു തോര്‍ത്ത് എടുത്തുകൊണ്ടുവന്നു ।

“വേഗം തോര്‍ത്ത്, ഒരു കുടയെടുത്തിരുന്നെങ്കില്‍ ഇങ്ങിനെ നനയണോ?”

എന്നും പറഞ്ഞ് വന്നതും നനയാത്തെ മഴയത്തുനിന്നും കയറിവന്ന എന്നേ ഞെട്ടി അവിശ്വസനീയതയോടെനോക്കി

പ്രകാശന്‍ മഴയേ തടഞ്ഞുനിര്‍ത്തി എന്നേ നനയ്ക്കാതെ വീട്ടില്‍ എത്തിച്ചു എന്നു

പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

അതുകൊണ്ട് ഞാന്‍ പഴയ കുഞ്ഞായന്‍ കഥകളിലേ വിദ്യ പ്രയോഗിച്ചു

“ശ്രീജേ, ഈ കുടയൊക്കെ എന്നാ ഉണ്ടായത്? വളരെ അടുത്തകാലത്ത്,

അതിനുമുന്‍പും മഴയുണ്ടായിരുന്നു

അന്നു മനുഷ്യന്‍ ചെയ്തിരുന്നത് എന്താണന്നറിയാമോ ?

അവര്‍ മഴയേ പഠിച്ചു

മഴ കട്ടയായല്ല തുള്ളിയായാ വീഴുക

അത് നോക്കും, വലത്തുകൂടി മഴത്തുള്ളിവന്നാല്‍ ഇടത്തോട്ട് ചാടി മാറും

അപ്പോ ആ മഴത്തുള്ളിനമ്മുടെ മേത്തുവീഴാതെ പോകും

ഇടത്തുകൂടി വന്നാല്‍ വലത്തോട്ട് ചാടിമാറണം

അങ്ങിനെ പോന്നാല്‍ ഒരു തുള്ളിപോലും ദേഹത്തുവീഴുകേല

വെറുതേ കുടചുമക്കുകയും വേണ്ട।”

“അഛന്‍ തുളുനാട്ടില്‍ പോയി പഠിച്ചതായിരിക്കും അല്ലേ ഈ വിദ്യ?”

ശ്രീക്കുട്ടിക്ക് അത് കേട്ടപ്പോഴേ പുളുവാണന്ന് മനസിലായി, അവള്‍ ചിരിക്കാന്‍ തുടങ്ങി।

“പ്രകാശന്‍ വന്നൂ അല്ലേ?” വിഷ്ണു പതുക്കെ ചോദിച്ചു

ഞാന്‍ സമ്മതസൂചകമായി തലകുലുക്കി

മറ്റാരോടും ഞാന്‍ ഒന്നും വിശദീകരിച്ചില്ല

വിശദീകരിച്ചിട്ട് പ്രയോജനമില്ലല്ലോ

വിഷ്ണു മാത്രമല്ലേ പ്രകാശനെ അംഗീകരിക്കൂ॥!