Tuesday, August 28, 2007

പട്ടാളം കുന്നില്‍ ഒരു സന്ധ്യക്ക്

പല സായാഹ്നങ്ങളിലും എന്റെ ഉല്ലാസനടപ്പ് അവസാനിക്കാറുള്ളത്
പട്ടാളം കുന്നിനുമുകളിലുള്ള ആ കരിമ്പാറയിലാണ്.
ഞാന്‍ അവിടെ പലപ്പോഴും വളരെ സമയം ഇരിക്കാറുണ്ട്.
ശാന്തമായ അന്തരീക്ഷം. ചെറിയ കാറ്റ്.
ഏകനായി അകലങ്ങളിലേക്ക് നോക്കി ഇരിക്കുമ്പോള്‍
മനസ്സില്‍ വല്ലാത്ത ഒരു നിര്‍വൃതി എനിക്ക് തോന്നാറുണ്ട്.
ദൂരെ നീലാകാശത്തില്‍ മാറി മാറി വരുന്ന മേഘശകലങ്ങള്‍ക്ക്
ഞാന്‍ പല രൂപങ്ങളും മനസ്സില്‍ സങ്കല്‍പ്പിക്കും.
അതുവച്ച് പല കഥകളും മനസ്സില്‍ മെനയും.
അങ്ങിനെ ഇരിക്കുമ്പോള്‍ നേരം ഇരുട്ടുന്നത് ഞാന്‍ അറിയാറേ ഇല്ല.

അന്ന് ഒരു മഴ പെയ്തതിനാല്‍ സുഖകരമായ ഒരു ചെറിയ തണുപ്പുണ്ടായിരുന്നു.
ആ കുളിര്‍മ്മയില്‍ ലയിച്ച് കണ്ണടച്ച് ഞാന്‍ പാറയില്‍ ചാരിക്കിടന്നു അറിയാതെ വിന്റര്‍ ഡസ്ക്കിലെ രണ്ടു ലൈന്‍ മൂളിക്കൊണ്ടിരുന്നു.

Dark frost was in the air without,
the dusk was still with cold and gloom.......,

പെട്ടന്ന് ഒരു ചെറിയ കാല്‍പ്പെരുമാറ്റം കേട്ടെങ്കിലും
എനിക്ക് കണ്ണുതുറക്കാന്‍ തോന്നിയില്ല.പക്ഷേ...

when less than even a shadow came,
and stood within the room.......,

എന്ന് പതുങ്ങിയ ശബ്ദത്തില്‍ കേട്ടപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റു പോയി.
ആ ശബ്ദം! അത് എവിടെ കേട്ടാലും എനിക്കറിയാം !
എന്റെ മകന്‍ പ്രകാശന്‍!!
അങ്ങകലെ നക്ഷത്രലോകത്തുള്ള എന്റെ മകന്‍ പ്രകാശന്‍!!!

ഞാന്‍ ചുറ്റും നോക്കിയിട്ടും ആരേയും കാണുന്നില്ല.
ഞാന്‍ സ്വപ്നം കണ്ടതാണോ എനിക്കു തന്നെ സംശയം.
വീണ്ടും ആശബ്ദം!

ഇത്തവണ എന്റെ പുറകില്‍ നിന്ന്.
ഞാന്‍ വെട്ടിത്തിരിഞ്ഞു നോക്കി . ആരേയും കാണുന്നില്ല .
സ്വപ്നമല്ലന്ന് എനിക്ക് ഉറപ്പായി. പ്രകാശന്‍ ഇവിടെ എവിടെയോ ഉണ്ട്.

“ പ്രകാശ്, ഹലോ പ്രകാശ്!” ഞാന്‍ ഉച്ചത്തില്‍ വിളിച്ചു.
പട്ടാളം കുന്നിന്റെ താഴ് വരകള്‍ അത് ഏറ്റു പറഞ്ഞു.
പ്രകാശ്!! പ്രകാശ്!!!
എക്കോ അടങ്ങിയപ്പോള്‍ ഒരു പൊട്ടിച്ചിരി .

“ ഞാന്‍ ഇവിടെ ഉണ്ടേ.”
പാറയുടെ മുകളില്‍ ചിരിച്ചുകൊണ്ട് പ്രകാശന്‍ നില്‍ക്കുന്നു.
ഞാന്‍ അങ്ങോട്ടു ചെന്നു.

“എന്നാ ചെറുക്കാ ഇന്ന് പതിവില്ലാതെ ഒരു ഒളിച്ചുകളി?”
“ ഞാന്‍ അഛന്റെ മായാമയൂരമല്ലേ ? അതല്ലേ ഞാന്‍ മായയായി മറഞ്ഞിരുന്നത്.”
അവന്‍ പൊട്ടിച്ചിരിച്ചു.

“ അപ്പോള്‍ നീ എന്റെ ബ്ലോഗ് വായിച്ചു അല്ലേ ചെറുക്കാ?”
ഞാനും ആ ചിരിയില്‍ പങ്കുചേര്‍ന്നു.
“ എനിക്ക് ഇഷ്ടപ്പെട്ടു കെട്ടോ. പക്ഷേ ഒന്നുചോദിച്ചോട്ടേ,
അഛനു ഈ വിന്റര്‍ ഡസ്ക്കിനോട് എന്താ ഇത്ര ഇഷ്ടം?”

ഞാന്‍ ഒരു നിമിഷം ആലോചിച്ചു . എന്തുപറയും?
യഥാര്‍ത്ഥത്തില്‍ ഒരുകവിത മനസ്സില്‍ വല്ലാതെ പതിയുമ്പോഴല്ലേ
അതിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടാകുന്നത്?
നാമറിയാതെ സംഭവിക്കുന്ന ഒന്ന്.
അതെങ്ങിനെ വിശദീകരിക്കും ?

പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്ത്
കാണാതെ പഠിച്ച ചില വാചകങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തി.
“പ്രകാശാ, വിന്റര്‍ഡ്സ്ക്ക് ഒരു വിലാപ കാവ്യമാണോ?
ആവോ എനിക്കറിയില്ല!
കാരണം,
കവി ഒരിടത്തും കരയുന്നില്ല. വായനക്കാരെ കരയിപ്പിക്കുന്നുമില്ല.
എങ്കിലും ഹൃദയത്തില്‍ കല്ലുവെച്ചമര്‍ത്തുന്നതുപോലെ
ഒരു വിങ്ങലും വേദനയുമാണീ കവിതയില്‍ ഉടനീളം നീണ്ടുനില്‍ക്കുന്നത്.
അതാണീ കവിത എനിക്ക് ഇഷ്ടമായതും.”

“ ബലേ ഭേഷ്!! കൊള്ളാം, കൊള്ളാം, പഴയ വീഞ്ഞ് പുതിയകുപ്പിയില്‍ !!
ചുമ്മാതല്ലാ അപ്പച്ചി ലാലി അഛനു തയ്യല്‍ക്കാരനെന്നു പേരിട്ടത്!!”
അവന്‍ പൊട്ടിച്ചിരിച്ചു.

പണ്ട് പലരുടേയും കൃതികളില്‍ നിന്നും ചെറിയകഷണങ്ങള്‍ വെട്ടിയെടുത്ത്
സമര്‍ത്ഥമായി പരസ്പരം തയിച്ച് ചേര്‍ത്ത്
പുതിയ കഥയും ലേഖനവും ഉണ്ടാക്കുന്ന
എന്റെ പഴയ ഒരു കലാപരിപാടി മൂലം
എന്റെ സഹോദരി എന്നെ വിളിച്ച പേരാണു തയ്യല്‍ക്കാരന്‍.

പണ്ട് പത്താം ക്ലാസിലെ മലയാളം പരീക്ഷാ പേപ്പറില്‍
വണ്ടിക്കാളകള്‍ എന്ന കവിതക്ക് ഇതേ വാക്കുകള്‍ ഞാന്‍ എടുത്ത് വീശി.
മലയാളം പഠിപ്പിച്ചിരുന്ന എം എം ജോസഫ് സാര്‍
ക്ലാസില്‍ ഇത് എല്ലാവരേയും വായിച്ച് കേള്‍പ്പിച്ച്
എന്നേ വാനോളം പുകഴ്തിയ അതേ വാചകങ്ങളാണിതെന്ന് ഇവനു മനസ്സിലായല്ലോ,ഈശ്വരാ !!
ഞാന്‍ ഒന്നു ചമ്മിപ്പോയി

“പ്രകാശാ, വിന്റര്‍ ഡസ്ക്കില്‍ കഥ വളരെ ചെറുതാണ്.
ഒരമ്മ തന്റെ രണ്ടുമക്കള്‍ക്ക് ഒരു കഥ വായിച്ചു കൊടുക്കുന്നു.
എന്നാലാ കഥ കേള്‍ക്കുവാന്‍ മൂന്നാമതൊരാള്‍കൂടിയുണ്ട് ആ മുറിയില്‍ .
ആ അമ്മയുടെ പണ്ട് മരിച്ചുപോയ മറ്റൊരു മകന്റെ ആത്മാവ് .
അതിന്റെ സാമീപ്യം ആരുമറിയുന്നില്ല! ആ അമ്മ പോലും!!
ആരുമറിയാതെ കഥകേട്ട് അവനും അതില്‍ ലയിച്ചിരിക്കുന്നു.
അവസാനം കഥ തീര്‍ന്നപ്പോള്‍ അമ്മ തന്റെ രണ്ടുമക്കളേയും ചേര്‍ത്തു പിടിച്ച് ആശ്ലേഷിക്കുന്നു. അപ്പോള്‍ ആഅമ്മയുടെ മനസ്സിലേക്ക് മറ്റേമകന്റെ ഓര്‍മ്മ കടന്നുവരുന്നു.
ആകണ്ണുകള്‍ നിറയുന്നു .
മകന്റെ ആത്മാവ് അതുകണ്ട് നിസ്സഹായനായി നില്‍ക്കുന്നത് ആ അമ്മ അറിയുന്നില്ല. ആദ്യമായിവായിച്ച നാള്‍ മുതല്‍ എന്റെ മനസ്സില്‍ അത് ഒരു വിങ്ങലായി നിറഞ്ഞ് നില്‍ക്കുന്നു.”

“അതായത്, മലയാളത്തില്‍ മാമ്പഴം പോലെയാണഛനു
ഇംഗ്ലീഷില്‍ വിന്റര്‍ ഡസ്ക് അല്ലേ?” പ്രകാശന്‍ ചോദിച്ചു.
പണ്ട് എനിക്ക് നാലു വയസ്സുള്ളപ്പോള്‍ അമ്മ വൈലോപ്പള്ളിയുടെ മാമ്പഴത്തിന്റെ കഥപറഞ്ഞുതന്നെന്നും അതുകേട്ട് ഞാന്‍ വാവിട്ടുകരഞ്ഞെന്നും പറഞ്ഞുകേട്ടിട്ടുണ്ട്.
എന്നും ദുഖകഥകള്‍ എന്റെ മനസ്സിനെ വല്ലാതെ അലിയിപ്പിക്കാറുണ്ട്.

“പക്ഷേ ഞാന്‍ അച്ചൂട്ടിയുടെ ഗ്രൂപ്പിലാ കെട്ടോ അഛാ.”
പ്രകാശന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഒരുപഴയ സംഭവം എന്റെ മനസ്സില്‍ ഓടിയെത്തി .

അച്ചൂട്ടി എന്ന് ഞാന്‍ വിളിക്കുന്ന അര്‍ച്ചന എന്റെ അനിയത്തി ലാലിയുടെ മകളാണ്.
ഞങ്ങള്‍ നാലുപേര്‍ക്ക്- ഞാനും, ചേട്ടനും രണ്ട് സഹോദരിമാര്‍ക്കുമായി എട്ടു കുട്ടികളാണുള്ളത്. നാലുപേരുടേയും മൂത്തത് പെണ്‍കുട്ടികളും, ഇളയത് ആണ്‍കുട്ടികളും.

മീര, അര്‍ച്ചന, ശ്രീലക്ഷ്മി, സിതാര, വിഷ്ണു, സേതു, കണ്ണന്‍, അരുണ്‍.
ഇവരില്‍ എനിക്ക് ഏറ്റവും പ്രീയപ്പെട്ടയാളാണ് അര്‍ച്ചന എന്ന അച്ചൂട്ടി.
അമ്മാവന്റെ എല്ലാ ഗുണങ്ങളും പകര്‍ന്ന് കിട്ടിയിരിക്കുന്നയാളാണ് അച്ചൂട്ടി.

ഞാന്‍ ഒരിക്കല്‍ എട്ടുപേരേയും വിളിച്ചിരുത്തി മാമ്പഴത്തിന്റെ കഥ പറഞ്ഞുകൊടുത്തു.
ആരും കരഞ്ഞില്ല. എല്ലാവരും പോയിക്കഴിഞ്ഞിട്ടും അച്ചൂട്ടിമാത്രം പോയില്ല .
ആകെ ഒരു സങ്കടഭാവം.
“ എന്നാലും അമ്മാമേ കഷ്ടമായിപ്പോയി!!”
അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് ഉള്ളില്‍ ഒരു സന്തോഷം തോന്നി.
ഒരാളെങ്കിലും ഉണ്ടല്ലോ എന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുവാന്‍ .
അച്ചൂട്ടി കൂടുതല്‍ വിശദീകരിച്ചു .

“ നല്ലോരുമാമ്പഴം വെറുതേ കളഞ്ഞല്ലോ.
അമ്മാമേ ഞാന്‍ ആയിരുന്നേല്‍ അത് ജ്യൂസ് അടിച്ച് കുടിച്ചേനേ.”

ഞാനപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ പകച്ചുപോയി.
പഴയ ആ കഥ ഓര്‍ത്ത് ഞാന്‍ പൊട്ടിച്ചിരിച്ചു.പ്രകാശനും എന്റെ കൂടെ ചിരിച്ചു .

“ അഛനെന്നാ തന്നെയിരുന്ന ചിരിക്കുന്നത്?”
ഒരു ടോര്‍ച്ച് വെളിച്ചം അടുത്ത് വരുന്നത് അപ്പോഴാണു ഞാന്‍ കണ്ടത് .
അത് വിഷ്ണുവാണ്.
ഞാന്‍ തിരിച്ചു ചെല്ലാന്‍ താമസിച്ചത്കൊണ്ട് അന്വേഷിച്ച് വരികയാണ്.

“എന്താ പ്രകാശനെങ്ങാനും കൂടെയുണ്ടോ?”
അവന്റെ പരിഹാസം എനിക്ക് മനസ്സിലായി.
എന്റെ പ്രകാശന്‍ കഥകള്‍ അവനു തമാശാണ്.
അവനെന്നല്ല ആരാണു ഈ കഥകള്‍ വിശ്വസിക്കുക!!

“എന്നാല്‍ അഛാ പിന്നെക്കാണാം.” പ്രകാശന്‍ കൈ വീശി.
ഞാനും കൈവീശി. “പിന്നെക്കാണാം.”

വിഷ്ണു അതു കണ്ട് പൊട്ടിച്ചിരിച്ചു .
ആചിരി പട്ടാളംകുന്നിന്റെ താഴ് വരകള്‍ ആവര്‍ത്തിച്ചു.

1 comment:

ശ്രീ said...

പട്ടാളം കുന്നിലെ അടുത്ത പ്രകാശന്‍‌ കഥ എന്താ മാഷെ?
:)