Wednesday, August 01, 2007

വിഷ്ണു ആണയിട്ടാല്‍........!!!

വിഷ്ണു ആകെ നിരാശയിലായിരുന്നു ആ ദിവസങ്ങളില്‍.
ഇന്‍ഡ്യന്‍ പ്രസിഡന്റിനുള്ള കത്ത് പോസ്റ്റ് ചെയ്യാന്‍ ഞാന്‍ സമ്മതിച്ചില്ല.
പിന്നെ അവന്‍ അത് രഹസ്യമായി ചെയ്താലോ എന്നോര്‍ത്ത്
ഒന്നു വിരട്ടുകയും ചെയ്തു .
പ്രസിഡന്റിനു കത്ത് അയച്ചാല്‍ അത് സി ബി ഐ ക്ക് കൊടുക്കുമെന്നും
പിന്നെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിക്കുമെന്നും ഒരു കാച്ച് കാച്ചി.
അതോടെ ആ പരിപാടി ക്ലോസ് .

[ഇലപൊഴിയും കാലം എന്ന എന്റെ ബ്ലോഗിലെ
- വീണ്ടും ഒരു വിഷ്ണുക്കഥ........!!! - വായിച്ചാല്‍
ഇന്‍ഡ്യന്‍ പ്രസിഡന്റിനുള്ള കത്ത് വിഷ്ണു എഴുതിയതിന്റെ വിശദാംശങ്ങള്‍ കിട്ടും]

എങ്കിലും അടുത്ത ദിവസം ഒരു പുതിയ നമ്പരുമായി അവന്‍ വരുമെന്ന് എനിക്കറിയാമായിരുന്നു .അതു തെറ്റിയില്ല .

രാവിലെ ഒരു ചോദ്യം.
" അഛാ, എനിക്ക് എന്നാ ഈ മീശ വരിക.”
“ അതിനെന്നാടാ ഇത്ര ധൃതി.” എനിക്ക് കാര്യം മനസ്സിലായില്ല.
“ അല്ലാ, വേറൊന്നിനുമല്ലാ, നല്ല കട്ടിയുള്ള മീശയുണ്ടായിരുന്നേല്‍ ബൈക്ക് ഓടിച്ചാല്‍ പോലീസു പിടിക്കുകേലല്ലോ എന്ന് ഓര്‍ത്താ.”

അപ്പോള്‍ ശങ്കരന്‍ പിന്നേം തെങ്ങേല്‍ത്തന്നെ .
എനിക്ക് ചിരി വന്നു എങ്കിലും ചിരിക്കാതെ പറഞ്ഞു.
“എടാ എന്റെ പാരമ്പര്യം വച്ചാണേല്‍ ഒരു പ്രീ ഡിഗ്രി എങ്കിലും കഴിയണം
മീശ ഒന്നു കറക്കാന്‍.”
“അപ്പോള്‍ അതും രക്ഷയില്ലാ.” വിഷ്ണുവിനു നിരാശ സഹിക്കാന്‍ പറ്റുന്നില്ല .

രണ്ടു ദിവസം ഒന്നും സംഭവിച്ചില്ല .
മൂന്നാം ദിവസം അവന്‍ വീണ്ടും എന്റെ അടുത്ത് എത്തി.
ഇത്തവണ ആവശ്യം ഒരു ഹെല്‍മറ്റും മഴക്കോട്ടുമാണു
“അതെന്തിനാടാ നിനക്കിപ്പോള്‍ ഇതൊക്കെ?” എനിക്ക് അവന്റെ ഉദ്ദേശം മനസ്സിലായില്ല.

“ അഛാ ഞാന്‍ ഒന്നു ചോദിക്കട്ടേ, പതിനെട്ടു വയസാകാത്തവര്‍ക്ക് ഹെല്‍മറ്റും മഴക്കോട്ടും വാങ്ങരുതെന്ന ഇന്‍ഡ്യന്‍ ഭരണഘടനയിലെങ്ങും പറഞ്ഞിട്ടില്ലല്ലോ? പിന്നെന്നാ വാങ്ങിച്ചാല്‍ ? ഞാന്‍ ബെന്‍സ് കാറു വാങ്ങിച്ചു തരാനൊന്നുമല്ലല്ലോ പറഞ്ഞത് .”

“ശരി ശരി വഴക്കു വേണ്ടാ .”ഞാന്‍ സമ്മതിച്ചു.
അന്നുതന്നെ അതു രണ്ടും വാങ്ങിക്കൊടുക്കുകയും ചെയ്തു.
വൈകുന്നേരം ഓഫീസില്‍ നിന്നും വന്നപ്പോഴാണു പുതിയ തമാശുകേട്ടത് .
ഇന്നുമുഴുവന്‍ വിഷ്ണു മഴക്കോട്ടും ഹെല്‍മെറ്റും വച്ചുകൊണ്ടാണു വീട്ടിലൂടെ നടന്നത് .
ഞാന്‍ അവനെ വിളിച്ചു .

“ എന്താടാ ആരാണ്ടുടെ പിരി ലൂസ്സായിപ്പോയെന്നെക്കെ കേള്‍ക്കുന്നല്ലോ, എന്നാപറ്റി?”
വിഷ്ണു ചിരിച്ചു .
“ഇവിടെ ആരുടേയും പിരി ലൂസ്സയിപ്പോയിട്ടൊന്നുമില്ല.
ഇതൊരു പുതിയ തന്ത്രമല്ലേ എന്റെ പൊന്നഛാ“

“ അതെന്നാടാ നിന്റെ പുതിയ തന്ത്രം?” എനിക്ക് കാര്യം എന്താണന്നു കത്തിയില്ല .
“വേറൊന്നുമില്ല ഇന്ന് ഞാന്‍ പ്രാക്ടീസു ചെയ്യുകയായിരുന്നു. ഇനി നാളെ ത്തൊട്ട് നമുക്ക് സന്ധ്യക്ക് ബൈക്ക് ഓടിക്കാന്‍ പോണം. ഹെല്‍മറ്റും വച്ച് മഴക്കോട്ടുമിട്ട് സന്ധ്യക്ക് ഓടിച്ചാല്‍ മീശയില്ലാത്ത പയ്യനാ ഓടിക്കുന്നതെന്ന് പോലീസിനു മനസ്സിലാകുകേല. എങ്ങിനെ ഉണ്ട് എന്റെ ബുദ്ധി?”

ശരിക്കും അപാരം ഞാന്‍ പൊട്ടിച്ചിരിച്ചു. അവനും ആ ചിരിയില്‍ പങ്കുകൂടി.

കുറച്ചുകഴിഞ്ഞ് ഞാന്‍ വന്നപ്പോള്‍ വിഷ്ണു ബൈക്കിനടുത്ത് നില്‍ക്കുന്നു.
മുഖത്ത് നല്ല ഒരു കട്ടിമീശയും ഫിറ്റുചെയ്തിട്ടുണ്ട് .
എവിടുന്നുകിട്ടുന്നൂ ഇത്രേം കുരുട്ടുബുദ്ധി?എന്റെ കണ്ണുതള്ളിപ്പോയി.

“ എടാചെറുക്കാ, കാര്യം കൊള്ളാമല്ലോ. എവിടുന്നു സംഘടിപ്പിച്ചെടാ ഈ വെപ്പുമീശ.”
“ അതിനഛാ ഇത് വെപ്പുമീശയൊന്നുമല്ല. ഒറിജിനലാ”
അവന്‍ മീശപിടിച്ച് വലിച്ചുകാണിച്ചു .

ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി .
അല്‍പ്പം മുന്‍പ്പേ കോഴിമുട്ടപോലെ ഇരുന്ന ഇവന്റെ മുഖത്ത്
എങ്ങിനെ ഇത്രപെട്ടന്ന് മീശവന്നു?
എന്റെ മനസ്സുവായിച്ചിട്ടാവണം വിഷ്ണു ഒരു പാട്ടു മൂളാന്‍ തുടങ്ങി .

"the children watch'd their mother's eyes,
moving on softly from line to line
It seemed to listen too - that shade,
yet made no outward sign"

ഞാന്‍ ഒന്നു ഞെട്ടി .
എനിക്ക് പ്രീയപ്പെട്ട winter dusk ലെ വരികള്‍ .
അപ്പോള്‍ ഇത് വിഷ്ണുവല്ല , പ്രകാശനാണ്.
എന്റെ മകന്‍ പ്രകാശന്‍ .
അങ്ങകലെ നക്ഷത്ര ലോകത്തുള്ള എന്റെ മോന്‍ പ്രകാശന്‍ ..........!!!

No comments: